Wednesday 10 August 2011

ആമുഖം


            എന്താണ് ഒരു ബ്ലോഗ്? അവനവന് തോന്നുന്നത് അവനവന്റെ ഭാഷയില്‍ എഴുതിപ്പിടിപ്പിക്കുന്ന ഒരു സംഭവം. എനിക്കതാണ് ബ്ലോഗ്. ഞാനും സാഹിത്യവും തമ്മില്‍ ഒരു ചായക്കടയില്‍ നിന്നു ഒന്നിച്ചൊരു കട്ടന്‍  ചായ കുടിച്ച ബന്ധം പോലും ഇല്ല. അതുകൊണ്ട് സാഹിട്യത്തിന്റെ അതിപ്രസരം പോയിട്ടു ഒരു കണിക പോലും നിങ്ങള്‍ക്കിവിടെ കാണാന്‍ കഴിയില്ല. കാവ്യഭംഗി നിറഞ്ഞു തുളുംബുന്ന ഒരു വാക്കു പോലും ഇവിടെ കാണാന്‍ കഴിഞ്ഞേക്കില്ല. മലയാളത്തില്‍ ഇന്നിപ്പോള്‍ ആകെ ഉള്ള 56 അക്ഷരങ്ങള്‍ ( ശരി തന്നെ ആണെന്നു വിശ്വസിക്കുന്നു ) അങ്ങ് കൂട്ടിച്ചേര്‍ത്തു എന്റെ ചിന്തകളേയും വീക്ഷണങ്ങളേയും അനുഭവങ്ങളേയും ഞാനിവിടെ കുത്തിക്കുറിക്കും. ചിലപ്പോള്‍ പക്കാ തോന്നിവാസം ആയിരിക്കാം. ശുംഭത്തരമായിരിക്കാം. ചിലപ്പോള്‍ ഉള്‍ക്കാഴ്ചയുടെ ഉത്തുംഗമമായ തലങ്ങളില്‍ ഉരുത്തിരിയുന്ന തീക്ഷ്ണമായ ചിന്തകള്‍ ആയിരിക്കാം. അതുമല്ലെങ്കില്‍ ഒരു പടപ്പുറപ്പാടായിരിക്കാം. ആര്‍ക്കും എങ്ങനേയും വിമര്‍ശിക്കാം. വിമര്‍ശനങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു. ഇപ്പറഞ്ഞത് കൊണ്ട് ഞാന്‍ ഒരു സന്തോഷ് പണ്ഡിറ്റ് ആണെന്ന് കരുതേണ്ട. എന്തായാലും ഇവിടെത്തുടങ്ങി എന്റെ തൂലിക ചലിക്കുന്നു, എന്നിലൂടെ, നിങ്ങളിലൂടെ. 

    എന്നും എപ്പോഴും എന്‍റെ കൂടെ എന്‍റെ നിഴലായി കുറെ സ്വപ്നങ്ങള്‍ സഞ്ചരിക്കാറുണ്ട്. അവയാണ് എന്നെ എന്നും താങ്ങി നിറുത്തുന്നതും അതുപോലെത്തന്നെ നിരാശയുടെ പടുകുഴിയിലേക്ക് തളിവിടുന്നതും. ഞാന്‍ ആ സ്വപ്നങ്ങളെ ഒരു ഓമനപ്പേരില്‍ വിളിക്കുന്നു. അതാണ് “പകള്‍ക്കിനാക്കള്‍”. അത് എന്നും പകള്‍ക്കിനാക്കള്‍ ആയിതന്നെ നിലകൊള്ളുന്നു. എല്ലാവര്‍ക്കും എന്‍റെ പകള്‍ക്കിനാവുകളിലേക്ക് ഹാര്‍ദ്ദവമായ സ്വാഗതം.